രാജീവ് ഗാന്ധി വധക്കേസില്‍ കോടതി സുപ്രീം കോടതി വിട്ടയച്ച മൂന്ന് പേരും ശ്രീലങ്കയിലേക്ക് മടങ്ങി. ജയകുാര്‍, മുരുകന്‍, റോബര്‍ട്ട് പയസ് തുടങ്ങിയവരുള്‍പ്പെടെ ആറു പേരെയാണ് 2022 നവംബറില്‍ സുപ്രീംകോടതി വിട്ടയച്ചത്. ബുധനാഴ്ച രാവിലെയാണ് ചെന്നൈ വിമാനത്താവളം വഴി മൂന്ന് പേരും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
ജയില്‍ മോചിതരായ മൂവരും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു താമസിച്ച് വന്നിരുന്നത്. പ്രത്യേക പൊലീസ് സുരക്ഷയൊരുക്കിയാണ് മൂവരെയും ചെന്നൈ വിമാനത്താവളത്തിലെത്തിച്ചത്. ജയിലിലെ നല്ല നടപ്പ് കൂടി കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാണ് മൂവരെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
രാജീവ് ഗാന്ധി വധക്കേസില്‍ നേരത്തെ വിട്ടയച്ച നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. മുരുകനെ യാത്രയാക്കാന്‍ തമിഴ്‌നാട് സ്വദേശിനി കൂടിയായ നളിനി വിമാനത്താവളത്തിലെത്തിയിരുന്നു. അടുത്തിടെയാണ് മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ലഭിച്ചത്. ഇവര്‍ക്കൊപ്പം ജയില്‍ മോചിതനായ ശാന്തന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.