ഉദയ്പൂര്‍ കൊലപാതകത്തിന് പ്രതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നെന്ന് എന്‍ഐഎ. പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ എന്നയാളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പാക് ചാര സംഘടനയായ ഐ എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് സല്‍മാനെന്ന് ഏജന്‍സിക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂര്‍ കേസിന് ബന്ധമുണ്ടെന്നാണ്ഏജന്‍സിയുടെ നിഗമനം.
ഭീകര സംഘടനയായ ഐഎസ് രീതിയിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയോടെയാണ് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രവാചകന് എതിരെ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകളുണ്ടായിരുന്നു.