ഒരു മതേതര രാജ്യത്ത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏകീകൃത സിവില്‍കോഡും, ഡ്രസ്‌കോഡും നിര്‍ബന്ധമാക്കുന്നത് ശരിയായ നടപടി ആണെന്ന് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലിമ നസ്റീന്‍. കര്‍ണാടകയിലെ ഹിജാബ് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെയായിരുന്നു തസ്ലിമയുടെ പ്രതികരണം.
സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഏകീകൃത സിവില്‍കോഡും, ഡ്രസ്‌കോസും നിര്‍ബന്ധമാക്കണ്ടേത് അനിവാര്യമാണ് എന്ന് താന്‍ വിശ്വസിക്കുന്നു. മതത്തിന്റെ അവകാശം വിദ്യാഭ്യാസത്തിന് മുകളില്‍ അല്ല എന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം, നിലവില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചിരുന്നു. വിധി പുറപ്പെടുവിക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും കോടതി അറിയിച്ചു. കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കുന്നതിന് വിലക്കുണ്ട്. ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം പുനരാരംഭിക്കും.