വിവാദമായ കാര്‍ഷിക നിയമങ്ങള്‍ മറ്റൊരു ഉചിതമായ സമയത്ത് വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍. ലക്ഷക്കണക്കിന് കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ മാസം സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. എന്നാല്‍ ഇത് വീണ്ടും നടപ്പിലാക്കും എന്ന സൂചനയാണ് മഹാരാഷ്ട്രയില്‍ നടന്ന ഒരു പരിപാടിക്കിടെ കൃഷിമന്ത്രി നല്‍കിയത്.
‘ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഈ വലിയ നിയമ പരിഷ്‌കാരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.’ തോമര്‍ പറഞ്ഞു.
‘എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു പടി പിന്നോട്ട് വച്ചു, ഞങ്ങള്‍ വീണ്ടും മുന്നോട്ട് പോകും. കാരണം കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഈ വിഷയത്തിലെ വസ്തുക്കളും കാരണങ്ങളും എന്ന പേരില്‍ കൃഷിമന്ത്രി ഒപ്പു വച്ച ഒരു കുറിപ്പ് സര്‍ക്കാര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി പുറത്തിറക്കിയിരുന്നു. കര്‍ഷകരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് ഒരു കൂട്ടം കര്‍ഷകര്‍ തടസ്സം നില്‍ക്കുന്നുവെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. കാര്‍ഷിക നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ കഠിനമായി ശ്രമിച്ചുവെന്നും പറഞ്ഞു.
Read more
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്ത് ഇരിക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കാര്‍ഷിക നിയമങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന് പ്രതിപക്ഷവും മറ്റ് വിമര്‍ശകരും സംശയം പ്രകടിപ്പിച്ചിരുന്നു.