കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് കാര്‍ഷിക നിയമങ്ങളും ഭേദഗതികളോടെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം പദ്ധതിയിടുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നടന്ന ഒരു ചടങ്ങില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ മറ്റൊരു ഉചിതമായ സമയത്ത് വീണ്ടും നടപ്പിലാക്കും എന്ന് സൂചന നല്‍കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ നല്ല കാര്‍ഷിക നിയമങ്ങളാണ് കൊണ്ടുവന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ അവ പിന്‍വലിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും’ തോമര്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഈ വലിയ നിയമ പരിഷ്‌കാരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു പടി പിന്നോട്ട് വച്ചു, ഞങ്ങള്‍ വീണ്ടും മുന്നോട്ട് പോകും. കാരണം കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം തോമര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഗൂഡാലോചന തെളിയിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുതലാളിമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവര്‍ ഇത് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയുകയും പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മാപ്പ് പറഞ്ഞതിനെ തോമര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
Read more
ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തിന് ഒടുവിലാണ് കഴിഞ്ഞ മാസം നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവംബര്‍ 23 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആവശ്യമായ ബില്ലുകള്‍ പാസാക്കിയതിന് ശേഷമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയത്.