ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

28 വര്‍ഷം മുന്‍പ് ഊട്ടിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍ ഓമന ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. കേസില്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിന് ഇപ്പോഴും ഒരു തുമ്പുമുണ്ടായിട്ടില്ല. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ഡല്‍ഹി-ലഖ്നൗ ഹൈവേയിലെ ഒരു സര്‍വീസ് റോഡിലാണ് സംഭവം. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയത് ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു. യാത്രക്കാരാണ് ഉപേക്ഷിച്ച നിലയിലുള്ള ചുവന്ന സ്യൂട്ട്‌കേസ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

25നും 30നും ഇടയില്‍ പ്രായം തോന്നുന്ന സ്ത്രീയുടേതാണ് മൃതദേഹം. വെട്ടുകൊണ്ട് മുറിവേറ്റ പാടുകളോടെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു സ്യൂട്ട്‌കേസിലെ മൃതദേഹം. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്. സ്യൂട്ട്‌കേസില്‍ മൃതദേഹം കൂടാതെ വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Read more

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടത് ആരാണെന്ന് ഉള്‍പ്പെടെ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.