കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം ഒടുങ്ങാത്തതിനെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സംഭവത്തില്‍ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന യോഗത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വിട്ടുനിന്നതിന് പിന്നാലെയാണ് മമത രാജി സന്നദ്ധത അറിയിച്ചത്. തന്റെ ജനങ്ങള്‍ക്ക് വേണ്ടി രാജ് വയ്ക്കാനും തയ്യാറാണെന്നായിരുന്നു മമതയുടെ പ്രസ്താവനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് താന്‍ ക്ഷമ ചോദിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ നബന്നയില്‍ വന്നിരുന്നു, പക്ഷേ യോഗത്തില്‍ ഇരുന്നില്ല. ജോലിയിലേക്ക് മടങ്ങാന്‍ താന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മമത പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന തന്റെ പരിശ്രമങ്ങള്‍ക്കൊടുവിലും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്താന്‍ വിസമ്മതിച്ചതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.