യുവാവിന്റെ മുഖം പാറക്കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു; ജാതി മാറി വിവാഹം, വീണ്ടും ദുരഭിമാനക്കൊല

തെലങ്കാനയില്‍ ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് ദുരഭിമാനക്കൊല. പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് മാമില്ലഗദ്ദ സ്വദേശിയായ വഡ്കൊണ്ട് കൃഷണയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് മാസം മുന്‍പ് ആയിരുന്നു കൊല്ലപ്പെട്ട വഡ്കൊണ്ട് കൃഷണയുടെ വിവാഹം. മറ്റൊരു ജാതിയില്‍പ്പെട്ട കോട്‌ല ഭാര്‍ഗവിയെ ആയിരുന്നു കൃഷ്ണ വിവാഹം ചെയ്തത്. വിവാഹത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്ത് കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ മുഖം പാറക്കല്ലുകള്‍ ഉപയോഗിച്ച് അടിച്ചുതകര്‍ത്ത നിലയിലാണ്. കൊലപാതം നടത്തിയത് തന്റെ ബന്ധുക്കളാണെന്ന് കോട്‌ല ഭാര്‍ഗവി ആരോപിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്റെ പിതാവ് പണം കൊടുത്ത് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതാണെന്നും ഇവര്‍ പറഞ്ഞു.