പണവും സ്വര്‍ണവും തിരികെ ചോദിച്ചു; യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി വിഷം കുടിപ്പിച്ചു; ഒപ്പം താമസിച്ചിരുന്ന യുവതിയും കൂട്ടാളികളും ഒളിവില്‍

ഉത്തര്‍പ്രദേശില്‍ യുവാവിനെ ഒപ്പം താമസിച്ചിരുന്ന യുവതിയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഹാമിര്‍പൂര്‍ സ്വദേശിയായ ശൈലേന്ദ്ര ഗുപ്തയ്ക്ക് നേരെ ആണ് വധശ്രമമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സ്വകാര്യ കമ്പനിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു ശൈലേന്ദ്ര ഗുപ്ത. നാല് വര്‍ഷം മുമ്പാണ് കാലിപഹാരി സ്വദേശിനിയായ യുവതിയുമായി യുവാവ് പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ ശൈലേന്ദ്ര പെണ്‍സുഹൃത്തിന് വിലയേറിയ ആഭരണങ്ങളും നാല് ലക്ഷം രൂപയും നല്‍കിയിരുന്നു.

പിന്നീട് ഇരുവരും തമ്മില്‍ അകന്നു. താന്‍ നല്‍കിയ പണവും ആഭരണങ്ങളും യുവാവ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാരംഭിച്ചു. ആക്രമണം നടന്ന ദിവസം ശൈലേന്ദ്ര യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തുകയും സാധനങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.

പിന്നാലെ, യുവതിയും കൂട്ടാളികളായ ശദാബ് ബേഗ്, ദീപക്, ഹാപ്പി എന്നിവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ പ്രതികള്‍ യുവാവിനെ വിഷം കുടിപ്പിക്കുകയായിരുന്നു. വിഷം ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ കെട്ടിടത്തിന് പുറത്ത് ഉപേക്ഷിച്ച് പ്രതികള്‍ സ്ഥലംവിട്ടു.

വഴിയരികില്‍ കിടന്ന യുവാവിനെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ആശുപത്രിയിലെത്തിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയ്ക്കും കൂട്ടാളികള്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more