ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാലും ഇവിഎമ്മില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിറുത്തലാക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഇന്നലെയും തനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല, ഇന്നും വിശ്വാസമില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. യുപിയില്‍ 80 സീറ്റുകളില്‍ വിജയിച്ചാല്‍ പോലും താന്‍ ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
അയോധ്യയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം ഇന്ത്യയിലെ പക്വതയുള്ള വോട്ടര്‍മാരുടെ വിജയം എന്നാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യയിലെ വര്‍ഗീയ രാഷട്രീയം അവസാനിച്ചു. ജനങ്ങള്‍ സര്‍ക്കാരിന്റെ അഹങ്കാരം തകര്‍ത്തു. ഇന്ത്യ മുന്നണിയുടെ ധാര്‍മിക വിജയമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെ അഖിലേഷ് വിശേഷിപ്പിച്ചത്.