കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കർഷകർ മരിച്ചതായി സർക്കാരിന്റെ പക്കൽ “രേഖകളൊന്നുമില്ല” എന്ന് കൃഷി മന്ത്രി നരേന്ദ്ര തോമർ ഇന്ന് പാർലമെന്റിൽ രേഖാമൂലം മറുപടി നൽകി.
മരിച്ച കര്‍ഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ പദ്ധതിയിടുകയാണെങ്കിൽ ഇതിന് വേണ്ടുന്ന രേഖകൾ സർക്കാരിന്റെ പക്കൽ ഉണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു തോമർ. “കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇക്കാര്യത്തിൽ ഒരു രേഖയുമില്ല, അതിനാൽ ധനസഹായം എന്ന ചോദ്യം ഉയരുന്നില്ല.” നരേന്ദ്ര തോമർ ലോക്സഭയിൽ പറഞ്ഞു.
വിവാദ നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ 700-ലധികം കർഷകർ മരിച്ചു എന്നാണ് പ്രതിപക്ഷവും കർഷക നേതാക്കളും പറയുന്നത്. അതേസമയം വിവാദമായ നിയമങ്ങൾ തിങ്കളാഴ്ച പാര്ലമെന്റ് അസാധുവാക്കിയിരുന്നു. രാജ്യം അടുത്തിടെ കണ്ട ഏറ്റവും വേഗമേറിയ അസാധുവാക്കലുകളിൽ ഒന്നായിരുന്നു ഇത്.
കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി “രാജ്യത്തോട് മാപ്പ്” പറയുകയും ചെയ്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു നിയമങ്ങൾ അസാധുവാകുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. രാജ്യത്തെ ചില കർഷക സഹോദരങ്ങളോട് നിയമങ്ങളെ കുറിച്ച് വിശദീകരിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന് ആത്മാർത്ഥവും ശുദ്ധവുമായ ഹൃദയത്തോടെ പറയാൻ ആഗ്രഹിക്കുന്നു എന്നും പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചിരുന്നു.
പ്രതിഷേധക്കാർ ആവശ്യപ്പെട്ടതുപോലെ, പാർലമെന്റിൽ വിവാദ നിയമങ്ങൾ അസാധുവാക്കിയെങ്കിലും, കർഷകർ മറ്റൊരു പ്രധാന ആവശ്യം തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകുക എന്നതാണ്. ഈ ആവശ്യത്തിൽ സർക്കാരിന്റെ ഉറപ്പു ലഭിക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.