തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് അറിയിച്ചു. ഇതോടെയാണ് മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നത്.

മുംബൈ, താനെ, നാഗ്പുര്‍ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് പക്ഷം ശിവസേന വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളാണ് മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍.

എന്നാല്‍ ഒരു സഖ്യത്തില്‍ ഓരോ പാര്‍ട്ടികയുടെയും പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കില്ല. ഇത് സംഘടനാപരമായ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുമെന്നും തങ്ങള്‍ തങ്ങളുടെ കരുത്തില്‍ മത്സരിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് ഒരു കണ്‍വീനറെ നിയമിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.