മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരായ കേസാണ് സിബിഐ അവസാനിപ്പിച്ചത്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. വഞ്ചനകുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴുവർഷത്തിനുശേഷമാണ് സിബിഐ കേസ് അവസാനിപ്പിച്ചിരിക്കുന്നത്.

2009 ലെ ലോൺ സെറ്റിൽമെൻ്റിൽ ഐസിഐസിഐ ബാങ്കിന് പ്രണോയിയും, രാധികയും 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണയിരുന്നു കേസ്. എന്നാൽ ഇതിന് തെളിവ് ഇല്ലെന്നാണ് സിബിഐ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ വെളിച്ചത്തിലാണ് കേസ് അവസാനിപ്പിച്ചതും. 2017-ലാണ് ക്വാണ്ടം സെക്യൂരിറ്റീസ് എന്ന കമ്പനിയുടെ സഞ്ജയ് ദത്ത് നൽകിയ പരാതിയിലാണ് എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരെ സി.ബി.ഐ. കേസെടുത്തത്.

ഇന്ത്യ ബുൾസിൽനിന്ന് പ്രണോയ് റോയിയും രാധികാ റോയിയുമായി ബന്ധമുള്ള ആർ.ആർ.പി.ആർ. ഹോൾഡിങ്സ് 500 കോടി വായ്‌പയെടുത്തിരുന്നു. എൻ.ഡി.ടി.വി.യുടെ 20 ശതമാനം ഓഹരികൾ പൊതുവിപണിയിൽനിന്ന് വാങ്ങാൻവേണ്ടിയായിരുന്നു അത്. പിന്നീട് ഇന്ത്യ ബുൾസിൻ്റെ വായ്‌പയടയ്ക്കാൻ ഐ.സി.ഐ.സി.ഐ. ബാങ്കിൽനിന്ന് 375 കോടികൂടി 19 ശതമാനം പലിശയ്ക്ക് വായ്‌പയെടുത്തു. തങ്ങളുടെ മൊത്തം ഓഹരികളും ഈടുനൽകിക്കൊണ്ടാണ് ഇവർ വായ്‌പയെടുത്തത്.

ഇക്കാര്യം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഓഹരിവിപണി, വാർത്താപ്രക്ഷേപണ മന്ത്രാലയം എന്നിവരെയും അറിയിച്ചില്ല. ഒരുവർഷത്തിനകം ഐ.സി.ഐ.സി.ഐ.യുമായുള്ള ധാരണപ്രകാരം പലിശ ഭാഗികമായി ഒഴിവാക്കിക്കൊണ്ട് വായ്‌പ ഒത്തുതീർപ്പാക്കി. ഇതുവഴി 48 കോടിരൂപ ഐ.സി.ഐ.സി.ഐ. ബാങ്കിന് നഷ്ട‌മുണ്ടായെന്നാണ് കേസ്. പിന്നീട് 2022-ൽ അദാനി ഗ്രൂപ്പ് എൻ.ഡി.ടി.വി.യിൽ നിയന്ത്രണമേറ്റെടുക്കാനുള്ള ഓഹരികൾ പ്രണോയ് റോയ്, രാധികാ റോയ് എന്നിവരിൽനിന്ന് വാങ്ങി. കേസെടുത്ത് ഏഴുവർഷത്തിനുശേഷമാണ് ഇപ്പോൾ സി.ബി.ഐ. പ്രത്യേക കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകിയത്. ഇത് സ്വീകരിക്കണമോ എന്ന് കോടതി തീരുമാനിക്കും.

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെയായിരുന്നു ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചത്. തങ്ങൾ രാജിവെക്കുന്ന കാര്യം ഇരുവരും കമ്പനിയെ അറിയിക്കുകയായിരുന്നു. കമ്പനി ബോര്‍ഡ് രാജി അംഗീകരിച്ചിരുന്നു. ആര്‍.ആര്‍.പി.ആര്‍.എച്ചിന്റെ യോഗത്തിന് പിന്നാലെയായിരുന്നു രാജിപ്രഖ്യാപനം.

2022 നവംബറിലാണ് എന്‍ഡിടിവിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തിയത്. എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഈ നീക്കത്തിന് സെബി പച്ചക്കൊടി കാട്ടിയതോടെയാണ് പ്രണോയ് റോയിയും രാധിക റോയിയും ചാനല്‍ വിട്ടിറങ്ങിയത്.

മാധ്യമ മേഖലയില്‍ പിടിമുറുക്കിയ അദാനി ഗ്രൂപ്പ് പിന്നീട് വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ അമ്പത് ശതമാനത്തിന് മുകളില്‍ ഓഹരി ഏറ്റെടുത്തു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഐഎഎന്‍എസില്‍ 50 ശതമാനം ഓഹരിയാണ് അദാനിയുടെ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് വാങ്ങിയത്. ക്വിന്റിലിന്‍ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെച്ചത്.

അതിനിടെ എന്‍ഡിടിവി മലയാളത്തിലടക്കം പുതിയ ചാനലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്‍പത് പുതിയ പ്രദേശിക ചാനലുകളാണ് എന്‍ഡിടിവി പ്രഖ്യാപിച്ചത്. എന്‍ഡിടിവി 24ഃ7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവയ്ക്ക് പുറമെയാണ് പുതിയ ചാനലുകള്‍ ആരംഭിക്കുക. എന്‍ഡിടിവിയെ മള്‍ട്ടി-പ്ലാറ്റ്‌ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗൗതം അദാനിയുടെ പുതിയ പ്രഖ്യാപനം.

പ്രാദേശിക ചാനലുകള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ചാനലുകളുടെ ലോഞ്ചിങ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പ് പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പുതിയ പദ്ധതി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ