'മോദിയുടെ കത്ത് അവർ ചവറ്റുകുട്ടയിൽ ഇടും, കൊല്ലപ്പെട്ട ഹരേൺ പാണ്ഡ്യയുടെ ഉറ്റബന്ധുവാണ് സുനിത'; മോദിക്കെതിരെ മൊഴി നൽകിയതിന് പിന്നാലെയുണ്ടായ കൊലപാതകം ഉയർത്തി കോൺഗ്രസ്

സുനിത വില്യംസിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. മോദിയുടെ കത്ത് സുനിത വില്യംസ് ചവറ്റുകുട്ടയിൽ എറിയാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് ഗുജറാത്ത് മന്ത്രിയായിരുന്ന, സുനിത വില്യംസിന്റെ ബന്ധുവുമായ ഹരേൺ പാണ്ഡ്യയുടെ കൊലപാതകമാണ്.

“മോദി സുനിത വില്യംസിന് ഒരു കത്ത് എഴുതി, മിക്കവാറും അവർ അത് ചവറ്റുകുട്ടയിൽ ഇടും. എന്തുകൊണ്ട്?

അവർ ഹരേൻ പാണ്ഡ്യയുടെ കസിൻ ആണ്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യ മോദിയെ വെല്ലുവിളിച്ചു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വിആർ കൃഷ്ണയ്യർക്ക് ഹരേൻ പാണ്ഡ്യ രഹസ്യ മൊഴി നൽകി, അതിന് പിന്നാലെ ഒരു “പ്രഭാത നടത്തത്തിനിടെ” അദ്ദേഹം കൊല്ലപ്പെട്ടു. പാണ്ഡ്യയുടെ മരണത്തെത്തുടർന്ന് നിരവധി കൊലപാതക പരമ്പരകൾ നടന്നു, ഒടുവിൽ അത് ജസ്റ്റിസ് ലോയയുടെ കൊലപാതകത്തിൽ അവസാനിച്ചു.

2007 ൽ ഏറ്റവും പ്രശസ്തയായ പ്രവാസി ഗുജറാത്തി ആയിരുന്നിട്ടും മോദി അവരെ അവഗണിച്ചു. ഇപ്പോൾ താൻ കരുതലുള്ളവനാണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാനാണ് മോദിയുടെ ശ്രമം” –

ഇതായിരുന്നു കോൺഗ്രസ് കേരളം ഘടകത്തിന്റെ എക്സ് പോസ്റ്റ്. സുനിതയെക്കുറിച്ച് ടെലിഗ്രാഫിൽ വന്ന ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് കേരള ഘടകം ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

2002 ലെ ഗുജറാത്ത് കലാപക്കേസിൽ മോദിയുടെ പങ്ക് സംബന്ധിച്ച് ജസ്റ്റിസ് വിആർ കൃഷ്ണയ്യർക്ക് ഹരേൺ പാണ്ഡ്യ രഹസ്യമൊഴി നൽകി. പിന്നാലെ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ കേശുഭായി പട്ടേൽ മുഖ്യമന്ത്രി ആയിരുന്ന മന്ത്രിസഭയിൽ (1998 -2001) ആഭ്യന്തരമന്ത്രിയായിരുന്നു ഹരേൺ പാണ്ഡ്യ. 2001 ൽ മോദി മുഖ്യമന്ത്രിയായതിന് പിന്നാലെ ഹരേൺ പാണ്ഡ്യയെ റവന്യൂ വകുപ്പിലേക്ക് മാറ്റുകയും ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആഭ്യന്തര മന്ത്രിയാക്കുകയും ചെയ്തു. മോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഹരേൺ പാണ്ഡ്യ, മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

2002 ലെ ഗുജറാത്ത് കലാപക്കേസിൽ മോദിയുടെ പങ്ക് സംബന്ധിച്ച് ജസ്റ്റിസ് വിആർ കൃഷ്ണയ്യർക്ക് ഹരേൺ പാണ്ഡ്യ രഹസ്യമൊഴി നൽകി. പിന്നാലെ കൊല്ലപ്പെട്ടു. 2003 മാർച്ച് 26 ന് അഹമ്മദാബാദിലെ ലോ ഗാർഡനിൽ പ്രഭാത സവാരിക്കിടെ ഹരേൺ പാണ്ഡ്യ വെടിയേറ്റ് മരിക്കുകയായിരുന്നു. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ സഹോദരിയുടെ മകനായിരുന്നു ഹരേൺ പാണ്ഡ്യ.

2003ൽ അഹമ്മദാബാദിൽ നടന്ന അനുശോചന യോഗത്തിൽ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും. ഹരേൻ പാണ്ഡയുടെ ചിത്രം മധ്യഭാഗത്ത്.

മാർച്ച് ഒന്നിനായിരുന്നു മോദി സുനിത വില്യംസിന് കത്തയച്ചത്. തിരിച്ചെത്തിയ ശേഷം സുനിതയെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മോദി കത്തിൽ പറഞ്ഞത്. 2016 ൽ അമേരിക്ക സന്ദർശിച്ച ഘട്ടത്തിൽ സുനിതയെ കണ്ടുമുട്ടിയത് സ്‌നേഹപൂർവം ഓർക്കുന്നു. അമേരിക്കൻ സന്ദർശന വേളയിൽ ബൈഡനേയും പ്രഡിസന്റ് ഡൊണാൾഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോൾ സുനിതയുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും മോദി കത്തിൽ പറഞ്ഞിരുന്നു.

Read more