പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പത്രപരസ്യത്തില്‍ ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെംഗറിനെ ഉള്‍പ്പെടുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട്.
“ബി.ജെ.പി നേതാക്കളും അണികളും പരസ്യമായി തന്നെ ഒരു ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പിന്തുണക്കുകയാണ്. ഇത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നത്. സെംഗാറിന് അവരുടെ നേതാക്കളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്” എ.എന്‍.ഐയോട് ബൃന്ദ പ്രതികരിച്ചു.
പൊതുജനങ്ങളെ ബോധിപ്പിക്കുന്നതിനായി അവര്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല. ബി.ജെ.പി ഇതുവരെയും അയാളുടെ എം.എല്‍.എ പദവി എടുത്തുകളഞ്ഞിട്ടില്ല. ഇതിലൂടെ അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ പ്രാദേശിക പത്രത്തിലെ ഒന്നാം പേജ് പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം കുല്‍ദീപ് സിംഗ് സെംഗറും പ്രത്യക്ഷപ്പെട്ടത്.