'കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണം'

മുംബൈ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല്. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരരുമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്നവരുമായും ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനാണ് അജ്മല്‍ കസബ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിഷ്‌കളങ്കരായ നിരവധി പേരുടെ ജീവനെടുത്ത കസബിന് വധശിക്ഷ നല്‍കിയത്.

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഉടന്‍ ശിക്ഷിക്കുകയാണ് വേണ്ടത്. ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്രങ്ങളിലൊന്നും പ്രസിദ്ധീകരിക്കരുത്. ഭീകരരോട് യാതൊരു ദയയും കാണിക്കണ്ടെന്നും ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും വാല ആവശ്യപ്പെട്ടു.