സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത ദമ്പതികൾക്ക് അര്‍ഹിക്കുന്ന കേസുകളില്‍ പൊലീസ് സംരക്ഷണം നല്‍കാം എന്ന് അലഹബാദ് ഹൈക്കോടതി. രക്ഷിതാക്കളുടെ സമ്മതത്തോടെയല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന പങ്കാളികള്‍ക്ക് ജീവനും സ്വത്തിനും മേല്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയില്ലെങ്കില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടരുതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തയുടെതാണ് നിരീക്ഷണം
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കവെയാണ് ഹൈക്കോടതി നിരീക്ഷണം. യാതൊരു വിധത്തിലുള്ള ഭീഷണിയും ഇല്ലാത്ത സാഹചര്യത്തില്‍ പങ്കാളികള്‍ പരസ്പരം പിന്തുണയ്ക്കുകയും സമൂഹത്തെ അഭിമുഖീകരിക്കുകയും വേണം എന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടികാട്ടി.
ശ്രേയ കേസര്‍വാനിയും ഭര്‍ത്താവുമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി നല്‍കിയത്. സമാധാനപരമായ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ തടഞ്ഞ് പൊലീസ് സംരക്ഷണം ഒരുക്കണം എന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളികൊണ്ട്, ദമ്പതികള്‍ക്ക് ഗൗരവകരമായ ഭീഷണി ഇല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.