രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശദീകരണം. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ടെന്‍സെന്റ് എക്സ്റിവര്‍, കാംകാര്‍ഡ് ഫോര്‍ സെയില്‍സ്‌ഫോഴ്സ് എന്റര്‍, ഓണ്‍മിയോജി അരീന, ഐസോലന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, ആപ്പ്ലോക്ക്, ഡ്യുവല്‍ സ്പേസ് ലൈറ്റ് എന്നിവ നിരോധിക്കപ്പെടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നു.
ഈ ആപ്പുകളെ ബ്ലോക്ക് ചെയ്യാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2020 മെയ് മാസത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഏകദേശം 300ഓളം ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
2020 ജൂണില്‍ ടിക്ക്ടോക്ക്, ഷെയറിറ്റ്, വീചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫൈല്‍ മി കമ്മ്യൂണിറ്റി തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ ഏകദേശം 224 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.