യുഎസിലുണ്ടായ കാറപകടത്തിൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ താമസിക്കുന്ന രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ, സഞ്ചരിച്ച ദിശയിൽ നിന്നും തെന്നിമാറി പാലത്തിൻ്റെ എതിർവശത്തുള്ള മരങ്ങളിൽ ഇടിക്കുകയായിരുന്നു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ ഒരു പാലത്തിന് മുകളിൽ വച്ചായിരുന്നു അപകടം.
അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ഗ്രീൻവില്ലെ കൗണ്ടി ചീഫ് ഡെപ്യൂട്ടി കൊറോണർ മൈക്ക് എല്ലിസ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം മൂവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വളരെദൂരം സഞ്ചരിച്ച് വാഹനം പാലത്തിൻ്റെ എതിർവശത്തുള്ള മരങ്ങളിൽ ഇടിക്കുന്നതിന് മുമ്പ് വായുവിലേക്ക് 20 അടി ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിന്റെ ഭീകരത വലുതാണെന്ന് വിലയിരുത്തുന്നതായും മൈക്ക് എല്ലിസ് പറഞ്ഞു. അപകടത്തിൽ മറ്റ് കാറുകളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരത്തിൽ കുടുങ്ങിയ കാർ ഒന്നിലധികം കഷണങ്ങളായി തകർന്ന നിലയിലാണ് കണ്ടെത്തിയത്. പലയിടങ്ങളിൽ കാർ ഇടിച്ചിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വളരെ അപൂർവമായേ റോഡിൽ നിന്ന് വളരെ വേഗത്തിൽ പോകുന്ന ഒരു വാഹനം കാണാറുള്ളൂ എന്നും മൈക്ക് എല്ലിസ് വ്യക്തമാക്കി. ഈ കേസിൽ 4-6 പാതകൾ മറികടന്നാണ് 20 അടി കുതിച്ച് പൊങ്ങി മരങ്ങളിൽ പതിക്കുന്നത്.
സൗത്ത് കരോലിന ഹൈവേ പട്രോൾ, ഗാൻ്റ് ഫയർ ആൻഡ് റെസ്‌ക്യൂ, ഒന്നിലധികം ഗ്രീൻവില്ലെ കൗണ്ടി ഇഎംഎസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സംഭവസ്ഥലത്തെത്തിയിരുന്നു. അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.