തമിഴ്നാട്ടില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി

തമിഴ്നാട്ടില്‍ ഒരു മാധ്യമ പ്രവർത്തകന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തമിഴ് ചാനലിന്‍റെ  ന്യൂസ് ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍റെ കോവിഡ് പരിശോധനാഫലം പൊസിറ്റീവ് ആയതോടെ ചാനലിൽ ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞദിവസമാണ് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പൊസിറ്റീവ് ആയത്. ഒരു തമിഴ് പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ക്കും വാര്‍ത്താചാനലിന്‍റെ സബ് എഡിറ്റര്‍ക്കുമായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Read more

റിപ്പോര്‍ട്ടറെ രാജീവ്ഗാന്ധി ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയിലും സബ് എഡിറ്ററെ സ്റ്റാന്‍ലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന് പുറമെ ചെന്നൈ കാശിമേട് മത്സ്യ മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്കും ഇന്ന് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.