പലതരം മോഷണ വാര്‍ത്തകള്‍ നിത്യവും കേള്‍ക്കാറുണ്ടെങ്കിലും ബീഹാറില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത ഏറെ കൗതുകം നിറഞ്ഞതാണ്. പോക്കറ്റിലെ പണം മുതല്‍ ശരീര അവയവങ്ങള്‍ വരെ മോഷ്ടിക്കുന്ന കള്ളന്‍മാരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ ബീഹാറിലെ ജെഹ്വാബാദിലെ ഔദാന്‍ ബിഘയില്‍ നിന്ന് മോഷണം പോയത് പുതുതായി പണി തീര്‍ത്ത മൂന്ന് കിലോമീറ്റര്‍ റോഡ് ആയിരുന്നു.
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മിച്ചത്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മോഷണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതോടകം വൈറലായി കഴിഞ്ഞു. നാട്ടുകാര്‍ തന്നെയാണ് മോഷണത്തിന് പിന്നിലുള്ളത്. വീഡിയോ ചിത്രീകരിച്ചതും പ്രദേശവാസികള്‍ ആയിരുന്നു.
കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡാണ് നാട്ടുകാര്‍ കവര്‍ന്നെടുത്തത്. പുതുതായി പണി തീര്‍ത്ത റോഡിലെ കോണ്‍ക്രീറ്റ് ഉണങ്ങും മുന്‍പ് പ്രദേശവാസികള്‍ അത് കുട്ടകളിലും ബക്കറ്റുകളിലുമാക്കി കടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോഷണത്തിന് പിന്നില്‍ നാട്ടുകാര്‍ മുഴുവനും പങ്കാളികളാണ്. റോഡ് നിര്‍മ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ വീടുകളിലേക്ക് മാറ്റി.
സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രദേശവാസികളെ വിമര്‍ശിച്ചാണ് കൂടുതല്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നത്. ബീഹാര്‍ ഒരിക്കലും രക്ഷപ്പെടില്ല എന്ന തരത്തിലുള്ള കമന്റുകള്‍ ഒരു ഭാഗത്ത് ഉയരുമ്പോള്‍, ബീഹാറിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം ആണ് അവരെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നതെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്നും മറു ഭാഗം ആരോപിക്കുന്നു.