'മകൾ ആത്മഹത്യ ചെയ്തതാകാം'; കൊല്‍ക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കൾക്ക് വന്ന മൂന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

വനിതാ ഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഡോക്ടറുടെ മാതാപിതാക്കളുമായി നടത്തിയ മൂന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. ആശുപത്രിയിലെ അസിസ്റ്റന്റ്‌ സൂപ്രണ്ടെന്ന പേരിൽ ഒരു സ്ത്രീ നടത്തുന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോണ്‍ ശബ്ദരേഖയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസം ആശുപത്രി അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളെപ്പറ്റി മാതാപിതാക്കള്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളോട് പൊരുത്തപ്പെടുന്ന തരത്തിലുള്ള ശബ്ദരേഖയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.

ആദ്യ ഫോണ്‍ കോൾ

നിങ്ങളുടെ മകള്‍ അവശയായ നിലയില്‍ ആശുപത്രിയിലാണെന്നും ഉടന്‍ വരാന്‍ കഴിയുമോ എന്നുമാണ് രാവിലെ 10.53 ന് മാതാപിതാക്കൾക്ക് ലഭിച്ച ആദ്യ ഫോണ്‍ സംഭാഷണത്തില്‍ അധികൃതര്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് ഡോക്ടറുടെ പിതാവ് ചോദിക്കുന്നുണ്ടെങ്കിലും കൃതമായ മറുപടി നല്‍കുന്നില്ല. അവര്‍ക്ക് സുഖമില്ല, എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കേ പറയാന്‍ കഴിയൂ. നമ്പര്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് വിവരം നിങ്ങളെ അറിയിക്കാന്‍ വിളിച്ചതെന്നും ഫോണില്‍ പറയുന്നുണ്ട്.

രണ്ടാമത്തെ ഫോണ്‍ കോൾ

കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്നും രണ്ടാമത്തെ ഫോണ്‍ സന്ദേശത്തിലാണ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിക്കുന്നത്. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ല, ഡോക്ടര്‍മാര്‍ക്ക് മാത്രമെ അക്കാര്യം പറയാന്‍ കഴിയൂ. നിങ്ങള്‍ക്ക് എത്രയും വേഗം എത്താന്‍ കഴിയുമോ ? എന്നും ചോദിക്കുന്നുണ്ട്. ആരാണ് സംസാരിക്കുന്നതെന്ന് വനിതാ ഡോക്ടറുടെ പിതാവ് ചോദിക്കുമ്പോള്‍ അസിസ്റ്റന്റ് സുപ്രണ്ടാണെന്നും, താന്‍ ഡോക്ടറല്ലെന്നും സ്ത്രീ പറയുന്നുണ്ട്.

മൂന്നാമത്തെ ഫോണ്‍ കോൾ

മൂന്നാമത്തെ സംഭാഷണത്തിലാണ് അവര്‍ ആത്മഹത്യ ചെയ്തതാകാന്‍ സാധ്യതയുണ്ടെന്ന് സ്ത്രീ പറയുന്നത്. അവര്‍ മരിച്ചിട്ടുണ്ടാകാം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിയുന്നത്ര വേഗത്തില്‍ എത്താന്‍ സാധിക്കുമോ? – സ്ത്രീ ചോദിക്കുന്നുണ്ട്.

രാവിലെ 10.53ഓടെ ആശുപത്രിയില്‍ നിന്ന് ആദ്യ ഫോണ്‍കോള്‍ ലഭിച്ചെന്ന് ഡോക്ടറുടെ പിതാവ് പറയുന്നു. തൊട്ടുപിന്നാലെ രണ്ട് ഫോണ്‍കോളുകള്‍കൂടി വന്നു. ഇതോടെയാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയ്ക്കാകാം വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രാവിലെ ഒന്‍പതിനാണ് നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രിയിലെ നോണ്‍ മെഡിക്കല്‍ സൂപ്രണ്ടായ സുചിത്ര സര്‍ക്കാരാണ് ബന്ധുക്കളെ ഫോണ്‍ ചെയ്തതെന്ന് കുറ്റകൃത്യം നടന്നുവെന്ന് കരുതുന്ന നെഞ്ചുരോഗ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. അരുണവ ദത്ത ചൗധരി നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സുചിത്രയെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

Read more