ത്രിപുരയില്‍ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം.
അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. 3,337 പോളിംഗ് സ്റ്റേഷനുകളില്‍ 1,128 എണ്ണത്തെ പ്രശ്നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നിവര്‍ സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ കിരണ്‍ ഗിട്ടെയെ കണ്ട് സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.