മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ഓഫീസര്‍ സ്വാതി ധുമാനാണ് കൊല്ലപ്പെട്ടത്. ചന്ദ്രാപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ (ടിഎടിആര്‍) ഇന്ന് രാവിലെ കടുവകളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥരുമായി സര്‍വേ നടത്തുന്നതിനിടെയാണ് സംഭവം.
രാവിലെ 7 മണിക്കാണ് സ്വാതിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍വേയ്ക്ക് എത്തിയത്. ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍-2022 ന്റെ ഭാഗമായാണ് കടുവ സര്‍വേയ്ക്കും പട്രോളിംഗിനുമായി എത്തിയത്. കോലാറ ഗേറ്റില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ നടന്നതിന് ശേഷം റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെ ഒരു കടുവ ഇരിക്കുന്നത് സംഘത്തിന്റെ ശ്രദ്ധിയില്‍പ്പെട്ടു. അരമണിക്കൂറോളം കാത്തിരുന്നെങ്കിലും കടുവ മാറാതായതോടെ സംഘം മറ്റൊരു പ്രദേശത്തുകൂടി വഴിമാറി സഞ്ചരിക്കാന്‍ ശ്രമിച്ചു.
ഇത് ശ്രദ്ധയില്‍പ്പെട്ട കടുവ, ഏറ്റവും പിന്നില്‍ നീങ്ങുകയായിരുന്ന ധുമനെ പിന്തുടര്‍ന്ന് ആക്രമിക്കുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്‌തെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര രാംഗോങ്കര്‍ പറഞ്ഞു.
പിന്നീട്, സംഭവത്തെക്കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചിമൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.
സംഭവത്തെത്തുടര്‍ന്ന്, സൈന്‍ സര്‍വേ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റിസര്‍വില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്നും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും രാംഗോങ്കര്‍ പറഞ്ഞു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.