ഉത്തര്‍പ്രദേശില്‍ ബിഎസ്പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി പാര്‍ട്ടി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എവിടെ നിന്ന് വന്നോ അവിടേക്ക് തന്നെ മടക്കി അയക്കുമെന്നും മായാവതി പറഞ്ഞു. ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്ലിങ്ങളെയും അടിച്ചമര്‍ത്താനാണ് യോഗി എന്നും ശ്രമിച്ചതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
യുപിയിലെ മാധ്യമങ്ങള്‍ ബി.ജെ.പിക്കും ബി.എസ്.പിയുടെ എതിരാളികള്‍ക്കും അനുകൂലമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
യോഗി ആദിത്യനാഥ് ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്നും ആരോപിച്ച മായാവതി, ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ അത്തരത്തിലുള്ള ഒരാളെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ മാത്രമാണ് യോഗി ശ്രമിച്ചതെന്നും മായാവതി പറഞ്ഞു.
Read more
തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ അട്ടിമറിച്ച് ബി.എസ്.പി വിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മാധ്യമങ്ങളെല്ലാം നടത്തുന്നതെന്നും മായാവതി ആരോപിച്ചു.