രാഹുല്‍ അധികാരം ഏറ്റെടുക്കുന്ന ദിവസം തന്നെ മോഡിയെ പുകഴ്ത്തി ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വേ

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെ നരേന്ദ്ര മോഡിയെ പുകഴ്ത്തിയും രാഹുലിനെ ഇകഴ്ത്തിയും ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേ. ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള പത്ത് മാധ്യമ സ്ഥാപനങ്ങളിലൂടെ അഞ്ച് ലക്ഷം പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയാണ് ഇന്ത്യയില്‍ മോഡി തന്നെ അനിഷേധ്യനായ നേതാവ് എന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഏറ്റവും പോപ്പുലറായ നേതാവെന്നും അദ്ദേഹത്തിന് എതിരാളിയില്ലെന്നും പത്രം പറയുന്നു. നോട്ട് ബാന്‍, ജിഎസ്ടി തുടങ്ങി ഇന്ത്യയെ പിടിച്ചുകുലുക്കിയ പരിഷ്‌ക്കാരങ്ങളൊന്നും മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നും സര്‍വ്വേ പറയുന്നു.

നരേന്ദ്ര മോഡി അധികാരത്തില്‍ വന്നത് മുതല്‍ ബിജെപി, എന്‍ഡിഎ അനുകൂല നിലപാടെടുക്കുന്ന മാധ്യമ സ്ഥാപനമാണ് ടൈംസ് ഗ്രൂപ്പ്. ഇവരുടെ വാര്‍ത്താ ചാനലായ ടൈംസ് നൗ മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും ഒരുപടി മുന്നിലായിരുന്നു.

മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളിലായാണ് ടൈംസ് ഗ്രൂപ്പ് സര്‍വെ നടത്തിയത്. 2019 തെരഞ്ഞെടുപ്പിലും മോഡിക്ക് തന്നെ വോട്ടു ചെയ്യുമെന്നാണ് 79 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതെന്ന് സര്‍വെ വിവരങ്ങള്‍ പറയുന്നു.

2019 തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പോലെ തന്നെ മോഡി പ്രധാനമന്ത്രിയാകുമെന്നും ഇന്നത്തെ പോലെ തന്നെ അദ്ദേഹം ഭരിക്കുമെന്നും 79 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. അഞ്ച് ലക്ഷം ആളുകള്‍ സര്‍വ്വേയില്‍ പങ്കെടുത്തതായി ടൈംസ് ഗ്രൂപ്പ് പറയുന്നു.

സര്‍വ്വെയില്‍ പങ്കെടുത്ത 20 ശതമാനം ആളുകള്‍ മാത്രമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ടു ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത്. 58 ശതമാനം ആളുകളും രാഹുലിന്റെ കാര്യത്തില്‍ അസംതൃപ്തരാണ്. 34 ശതമാനം ആളുകള്‍ പറയുന്നത് രാഹുലിന് വോട്ടര്‍മാരുമായി കണക്ഷന്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്.

Read more

രാഹുല്‍ അധ്യക്ഷനായി ചുമതല ഏറ്റെടുത്തെങ്കിലും ബിജെപിക്ക് പകരം വെയ്ക്കാനുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്നും സര്‍വെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.