പ്രശസ്ത ചലച്ചിത്ര താരം ശശി കപൂറിന്റെ മരണം തെറ്റായി ട്വീറ്റ് ചെയ്ത ടൈംസ് നൗ വെട്ടിലായി. ബോളിവുഡ് വെറ്ററൻ ശശി കപൂറിന്റെ നിര്യാണമാണ് ടൈംസ് നൗ ശശി തരൂരിന്റേത് എന്ന നിലയിൽ പ്രചരിപ്പിച്ചത്. സംവിധായകൻ മധുർ ഭണ്ഡാർക്കർ ശശി തരൂരിനെ ഓർക്കുന്നതായി പറഞ്ഞായിരുന്നു ടൈം നൗ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.
എഎൻഐ വാർത്ത ഏജൻസി മാധ്യമപ്രവർത്തകനായ നിഷാന്ത് സിംഗ് ആണ് ഇക്കാര്യം ശശി തരൂരിന്റെ ശ്രദ്ധയിൽപെടുത്തിയത്. ടൈംസ് നൗ ട്വീറ്റ് സ്ക്രീൻഷോട്ട് എടുത്ത് ശശി തരൂരിന് ട്വീറ്റ് ചെയ്യുകയാണ് നിഷാന്ത് ചെയ്തത്. ഇത് കണ്ട തരൂർ താൻ ജീവനോടെ ഉണ്ടെന്ന ട്വീറ്റും ചെയ്തു. പിന്നെ ടൈംസ് നൗവിന് ട്രോളുകളായിരുന്നു.
https://twitter.com/thehungrytide/status/937669285673041921
ടൈംസ് നൗവിന് തെറ്റ് പറ്റുന്നതിന് നിമിഷങ്ങൾക്ക് മുന്നേ തരൂർ കപൂറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ട്വീറ്റ് ഇട്ടിരുന്നു. എന്നാൽ താൻ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവർത്തകരുടേതായ രണ്ടു ഫോൺ വിളികൾ എത്തി. തന്റെ ഓഫീസിലേക്കാണ് വിളച്ചന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമല്ലെങ്കിൽ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഉടൻ തന്നെ ടൈംസ് നൗ ട്വിറ്ററിലൂടെ തന്നെ തെറ്റായി വാർത്ത പ്രചരിപ്പിച്ചതിന് ക്ഷമാപണവും നടത്തി അദ്ദേഹത്തിന് ആരോഗ്യ മംഗളാശംസകളും നേർന്നു.