തിരുപ്പതി ലഡു വിവാദം; നാല് പേരെ അറസ്റ്റ് ചെയ്ത് സിബിഐ, നെയ്യ് വിതരണത്തിൻ്റെ ഓരോ ഘട്ടത്തിലും ഗുരുതര ലംഘനങ്ങൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മായം ചേർത്ത കേസിൽ നാല് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ വിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡെയറിയിലെ അപൂർവ ചൗഡ, എആർ ഡെയറിയിലെ രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. നെയ്യ് വിതരണത്തിൻ്റെ ഓരോ ഘട്ടത്തിലും ഗുരുതരമായ ലംഘനങ്ങൾ നടന്നതായി അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതിന് വൈഷ്ണവി ഡെയറി ഉദ്യോഗസ്ഥർ എആർ ഡയറി എന്ന പേരിൽ ടെൻഡർ എടുത്തതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ച് വ്യാജരേഖകൾ ഉണ്ടാക്കിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേന്ദ്ര ഏജൻസിയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശ് പോലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ഒരാളുമാണ് സംഘത്തിലുള്ളത്.

Read more

തിരുപ്പതി ലഡു സംബന്ധിച്ച വിവാദം ഒട്ടേറെ രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്ക് വഴി തെളിച്ചിരുന്നു, മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്ന ആരോപണവുമായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്ത് വന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദുരുദ്ദേശ്യപരമാണെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈവി സുബ്ബ റെഡ്ഡി തിരിച്ചടിച്ചിരുന്നു.