'കേന്ദ്രമന്ത്രി കേരളത്തിന്റെ പക്ഷം പിടിക്കുന്നു; മുല്ലപ്പെരിയാര്‍ സുരക്ഷിതം; ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണം'; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട് കോണ്‍ഗ്രസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വം. മുല്ലപ്പെരിയാറിലുള്ള സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നത്, കേന്ദ്രമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ പറഞ്ഞു.

സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെല്‍വപെരുന്തഗൈ ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ഭീതിയായി നിലനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടിഎന്‍സിസി പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെയും രാഷ്ടീയപാര്‍ട്ടികളുടെയും നിലപാടെന്നും അദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ചോദിച്ചത്. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോ? കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം ഭീതിയായി നിലനില്‍ക്കുന്നത്.

ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല’- സുരേഷ് ഗോപി പറഞ്ഞു.