മമത ബാനർജിയ്ക്ക് ഇന്ന് നിർണായക ദിനം; ഭബാനിപൂർ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ്

പശ്ചിമ ബംഗാളിലെ ദക്ഷിണ കൊൽക്കത്ത നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ മൂന്ന് ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ വിധി നിർണയിക്കും. മുഖ്യമന്ത്രി പദത്തിൽ എംഎൽഎ അല്ലാതെ ഇരുന്ന് ആറുമാസത്തെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാന നിയമസഭയിൽ വീണ്ടും പ്രവേശിക്കണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കണം.

12 മണിക്കൂറിലധികം നീളുന്ന പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. ഒക്ടോബർ 3 -ന് വോട്ടെണ്ണും. മമത ബാനർജിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭന്ദേബ് ചതോപാദ്ധ്യായ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഈ ഏപ്രിൽ-മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് മികച്ച വിജയം ഉണ്ടായിരുന്നിട്ടും നന്ദിഗ്രാമിൽ നിന്ന് വിജയിക്കാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും മത്സരിക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയാണ് മമതയെ പരാജയപ്പെടുത്തിയത്.

Read more

സിഎഎ, എൻആർസി, നോട്ട് നിരോധനം എന്നിങ്ങനെ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ താൻ മാത്രമാണ് പോരാടുന്നത് എന്നും അതിനാൽ മുഖ്യമന്ത്രിയായി തുടരുന്നതിന് തന്റെ വിജയം അനിവാര്യമാണ് എന്ന് മമത പറഞ്ഞിരുന്നു.