അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ഡോ. ഡിവൈ ചന്ദ്രചൂഡിന് സുപ്രീംകോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിനം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് ഡിവൈ ചന്ദ്രചൂഡിന് കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തിദിനമാകുന്നത്.
ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലെ ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡിവൈ ചന്ദ്രചൂഡിന്റെ വിധികൾ പലതും രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ചതാണ്. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധിന്യായങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സിന്‍ സൗജന്യമാക്കാനായി കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങളും പ്രധാനമാണ്.
അതേസമയം സുപ്രീംകോടതിയുടെ എംബ്ലം, പതാക എന്നിവ മാറ്റിയതും നീതിദേവതയെ കണ്ണുതുറന്ന നിലയിലാക്കിയതുമൊക്കെ അഭിനന്ദനത്തിനൊപ്പം വിമർശനത്തിനും കാരണമായി. അടുത്തിടെ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ വിധി പറയുന്നതിന് ദൈവത്തെ ആശ്രയിച്ചിരുന്നതായി ഡിവൈ ചന്ദ്രചൂഡ് തുറന്ന് പറഞ്ഞതും ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതും മോദിയോടൊപ്പമുള്ള ഫോട്ടോകളും രാജ്യത്തെ അഭിഭാഷകരുടെ അടക്കം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
വിരമിക്കുന്നതിന് മുൻപ് സുപ്രധാനമായ നാല് കേസുകളിലാണ് ഡിവൈ ചന്ദ്രചൂഡ് അവസാനമായി വിധി പറയുക. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ടിന്‌റെ സാധുത, സമ്പത്ത് പുനര്‍വിതരണ പ്രശ്‌നം, ജെറ്റ് എയര്‍വെയ്‌സിന്‌റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം എന്നിവയാണ് അദ്ദേഹത്തിന്‌റെ നേതൃത്വത്തിലുള്ള ബെഞ്ചുകള്‍ അവസാന ആഴ്ച വിധി പറയാന്‍ പോകുന്ന കേസുകള്‍.
Read more
ഡിവൈ ചന്ദ്രചൂഡിന്റെ പിതാവ് വൈവി ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡിവൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അന്‍പത്തി ഒന്നാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.