കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പൊലീസാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഡൽഹി പൊലീസിന്റെ അഭ്യർത്ഥനയിൽ ഡൽഹി ഹൈക്കോടതിയാണ് ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി അഭിഭാഷകയാണ് നികിത ജേക്കബ്.
നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ടൂൾ കിറ്റ് കേസിൽ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിൻറ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെൻറ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റ് ദിഷയുടേതാണ്.