പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കുമെന്ന് വിചിത്ര വാദവുമായി ഉത്തര്‍ പ്രദേശ് മന്ത്രി ധരം പാല്‍ സിംഗ്. പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. പശുവിനെ കെട്ടിപിടിക്കുന്നത് രോഗശാന്തിക്കു നല്ലതാണെന്നും എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് നിര്‍ദേശം നല്‍കിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങി.
കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത് .