ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്തത് ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ

ജമ്മു കശ്മീരില്‍ ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിവെയ്പ്പ്. ഭീകരവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമുണ്ടായ വെടിവെയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

ഭീകരവാദി ആക്രമണത്തില്‍ 12 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ആയിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ 12 പേരില്‍ മൂന്ന് പേര്‍ പ്രദേശവാസികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗമാമിലെ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചത്. വാഹത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശത്താണ് ആക്രമണം നടന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിക്കുന്നു.

കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാകാമെന്ന് സംശിക്കുന്നത്. സമീപകാലത്ത് ജമ്മുകശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചിരിക്കുന്നത്.