സാങ്കേതിക തകരാർ മൂലം നിന്നുപോയ കേബിൾ കാറിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഹിമാചൽ പ്രദേശിലെ പർവനൂവിലാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള
പതിനൊന്ന് വിനോദസഞ്ചാരികളാണ് കേബിൾ കാറിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയത്. സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിൾ കാർ.
യാത്രക്കാരെ പുറത്തെടുക്കാൻ കേബിളിൽ ഒരു റെസ്ക്യൂ ട്രോളി വിന്യസിച്ചിട്ടുണ്ടെന്നും ഏതാനും പേരെ റിസോർട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തിയതായും എസ്പി വരീന്ദർ ശർമ്മ പറഞ്ഞു.
കേബിൾ കാറിൽ ഉണ്ടായിരുന്ന പ്രത്യേക റോപ്പ് ഉപയോഗിച്ച് ഇവരെ താഴെയെത്തിക്കുകയായിരുന്നു. ബാക്കിയുള്ളവർക്കായി രക്ഷാ പ്രവർത്തനം നടന്നു വരികയാണ്. മറ്റൊരു കേബിൾ കാർ വിന്യസിച്ച് ഇവരെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ടിംബർ ട്രയൽ ഓപ്പറേറ്ററുടെ സാങ്കേതിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്, പൊലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു, എന്നും പൊലീസ് സൂപ്രണ്ടിനെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഉടൻ സംഭവസ്ഥലത്തെത്തുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധന്ബീർ താക്കൂറും അറിയിച്ചു.