രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാന്‍ നിര്‍ണ്ണായക ശുപാര്‍ശകളുമായി ട്രായ്

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്ത്, ഇന്‍ര്‍നെറ്റ് തുല്യത(നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്ത് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പണത്തിനനുസരിച്ച് ചില കണ്ടന്റുകള്‍ മാത്രം ലഭ്യമാകുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കിയാണ് ട്രായിയുടെ ശുപാര്‍ശ. ടെലികോം വകുപ്പിന് ട്രായ് ശുപാര്‍ശകള്‍ കൈമാറും.

രണ്ട് വര്‍ഷത്തോളം സമയമെടുത്ത് നിരന്തരമായ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ട്രായ് ശുപാര്‍ശകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്റനെറ്റിലൂടെ ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റ അനുവദിക്കുന്നതിലും ഏതെങ്കിലും തരത്തില്‍ വിവേചനങ്ങള്‍ പരിഹരിക്കാനും, ലൈസന്‍സ് പുതുക്കാനുള്ള നടപടിയില്‍ ഭേദഗതി വരുത്താനുമാണ് ട്രായിയോട് ടെലികോം വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്രായ് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരം ഇന്റര്‍നെറ്റ് തുല്യതയ്ക്ക് വേണ്ടി പുതിയ നിയമങ്ങള്‍ വകുപ്പ് തയ്യാറാക്കും.

ചില വെബ്‌സൈറ്റുകള്‍ ചിലര്‍ക്കുമാത്രം ലഭ്യമാവുക, ചില പ്രത്യേക ഡിവൈസുകള്‍ക്ക് മാത്രം കണ്ടന്റ് നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം തടയുന്നതിനുള്ള ശുപാര്‍ശകള്‍ ട്രായ് നല്‍കിയിട്ടുണ്ട്. നല്‍കുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ച് മാത്രം കണ്ടന്റ് ലഭ്യമാക്കുന്നതും തടഞ്ഞിട്ടുണ്ട്.

2016 ഫെബ്രുവരി 26 ന്, ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ അതിലെ ഉള്ളടക്കത്തിന് അനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ട്രായ് പുറത്തിറക്കിയിരുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിവരശേഖരണത്തിനും ആശയവിനിമയത്തിനും അവസരം ലഭിക്കണെന്ന സുപ്രീംകോടതിയുടെ വിധി മുന്നില്‍നിര്‍ത്തിയാണ് അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്.  ഈയിടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെയെല്ലാം ഒരുപോലെ കാണാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും ക്യാംപെയ്‌നുകളും നടന്നിരുന്നു.ട്രായിയുടെ മുഴുവന്‍ ശുപാര്‍ശകള്‍ www.trai.gov.in  എന്ന സൈറ്റില്‍ ലഭ്യമാണ്.