തമിഴ്നാട്ടില്‍ കട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 22504) ആണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല. ട്രെയിനിന്റെ 22 കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു.
രാവിലെ 8.50ഓടെയാണ് സംഭവം. വേലൂര്‍ ജില്ലയിലെ മുകുന്ദരായപുരം- തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
വേർപെട്ട എഞ്ചിൻ 500 മീറ്ററോളം ഓടി. സംഭവസമയത്ത് നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മലയോര മേഖലയിലോ ചരിവുകളിലോ വെച്ചായിരുന്നു സംഭവമെങ്കിൽ വലിയ അപകടം ട്രെയിൻ വൻ അപകടം നേരിടേണ്ടി വരുമായിരുന്നെന്ന് അധികൃതർ പറഞ്ഞു. കട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബദൽ എഞ്ചിൻ ഘടിപ്പിച്ച് 10.45ഓടെ അപകടത്തിൽപ്പെട്ട ട്രെയിൻ സർവീസ് പുനരാരംഭിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.