ടി20 ലോക കപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് കോളജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.
അറസ്റ്റിലായ അർഷിദ് യൂസഫും ഇനായത്ത് അൽത്താഫ് ഷെയ്ഖും കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഷൗക്കത്ത് അഹമ്മദ് ഗനായ് നാലാം വർഷ വിദ്യാർത്ഥിയാണ്. ഇന്ത്യ-പാക് മത്സരത്തിന് ശേഷം “പാകിസ്ഥാന് അനുകൂലമായി സ്റ്റാറ്റസ് പോസ്റ്റു ചെയ്തു എന്ന അച്ചടക്കരാഹിത്യം” ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ തിങ്കളാഴ്ച കോളജ് സസ്പെൻഡ് ചെയ്തിരുന്നു.
ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സമാനമായ കേസിൽ സംസ്ഥാനത്ത് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട് മൂന്ന് പേർ ബറേലിയിലും ഒരാൾ ലഖ്‌നൗവിലുമാണ് അറസ്റ്റിലായത്.
മത്സരത്തിന് ശേഷം ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയതായി പരാതി ലഭിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു, ആഗ്ര സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (1) (ബി) (തെറ്റായ ഏതെങ്കിലും പ്രസ്താവന/ കിംവദന്തികൾ/ /റിപ്പോർട്ട് ഉണ്ടാക്കുന്നവർ/ പ്രസിദ്ധീകരിക്കുന്നത്/ പ്രചരിപ്പിക്കുന്നവർ) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 2008 ലെ സെക്ഷൻ 66F (സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ) പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാകിസ്ഥാനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ കോളജിൽ ഉയരുന്നതായി അറിഞ്ഞ് വലതുപക്ഷ നേതാക്കളും ബിച്ച്പുരിയിലെ കോളജ് കാമ്പസിൽ എത്തിയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുമായി ബിജെപിയും മറ്റ് ഘടകകക്ഷി നേതാക്കളും ഏറ്റുമുട്ടുകയും പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ലോഹമണ്ടിയിലെ ജഗദീഷ്പുര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.