പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങളടങ്ങുന്ന ദൃശ്യങ്ങളുമായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫരര്‍. ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് വിവരങ്ങള്‍ കൈമാറി പ്രധാന സാക്ഷിയായി മാറിയിരിക്കുകയാണ് ഭാകരാക്രമണ സമയത്ത് ബൈസരണ്‍വാലിയില്‍ ഉണ്ടായിരുന്ന കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-ന് ബൈസരണ്‍വാലിയില്‍ സഞ്ചാരികള്‍ക്ക് റീലെടുത്ത് നല്‍കാന്‍ ഇദ്ദേഹമുണ്ടായിരുന്നു.
പ്രദേശത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കായി റീലുകള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭീകരാക്രമണമുണ്ടായത്. ഭീകരര്‍ ആക്രമണം തുടങ്ങിയപ്പോള്‍ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി ഒരു മരത്തില്‍ക്കയറിയൊളിയ്ക്കുകയായിരുന്നു. എന്‍ഐ അന്വേഷണോദ്യോഗസ്ഥരോട് എങ്ങനെയാണ് രക്ഷപ്പെട്ടതെന്നതടക്കം കാര്യ വ്യക്തമാക്കിയിട്ടുണ്ട്. മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ മുഴുവനായി പകര്‍ത്തുകയും ചെയ്തിരുന്നു. വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എന്‍ഐഎ ഈ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചുവരികയാണ്.
നാല് ഭീകരര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുല്‍മേടിന്റെ രണ്ട് വശങ്ങളില്‍നിന്ന് വെടിയുതിര്‍ത്തെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ലഘുഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് സമീപം രണ്ട് തോക്കുധാരികള്‍ നിലയുറപ്പിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 2.30-ഓടെ ഭീകരര്‍ ആക്രമണം തുടങ്ങുകയും പേരുചോദിച്ചശേഷം ആളുകളുടെ തലയ്ക്ക് വെടിവെയ്ക്കുകയും ചെയ്തു. ഇതോടെ വിനോദസഞ്ചാരികള്‍ മുഴുവന്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. തുടര്‍ന്ന് സിപ്പ്ലൈനിന്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികള്‍ക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്നാണ് രക്ഷപ്പെട്ടവരുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
ഭീകരര്‍ പ്രദേശത്തെ ഒരാളുടെയും ഒരു വിനോദസഞ്ചാരിയുടെയും മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഫോണുകള്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. സംഭവത്തിന് പിന്നാലെ ഈ ഫോണുകള്‍ സ്വിച്ച്ഓഫാണ്. പട്ടാള സമാന വേഷത്തില്‍’ ഭീകരര്‍ ആക്രമണം നടത്തിയെന്നും കൈയ്യിലുണ്ടായിരുന്നത് അമേരിക്കന്‍ നിര്‍മ്മിത M4 കാര്‍ബൈന്‍ റൈഫിളും എകെ 47ഉം ആണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഭീകരാക്രമണം നടന്ന പ്രദേശത്തുനിന്ന് എകെ-47, എം4 റൈഫിളുകളുടെ വെടിയുണ്ടകള്‍ എന്‍ഐഎ കണ്ടെടുക്കുകയും ചെയ്തിരുന്നു. പഹല്‍ഗാമില്‍ ഭീകരര്‍ 70 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
അഫ്ഗാന്‍ യുദ്ധം അവസാനിച്ചതിനുശേഷം പാകിസ്താന്‍ ഭീകരര്‍ എം4 തോക്കുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ടെന്നും ഇത് ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിന്റെ കൂടുതല്‍ തെളിവാകുകയാണെന്നും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ പ്രദേശത്തുകാരനായ ആദില്‍ തോക്കറാണെന്ന് അന്വേഷണസംഘം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. 2018-ല്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന ഇയാള്‍ തുടര്‍ന്ന് പാകിസ്താനിലേക്ക് കടക്കുകയും ലഷ്‌കറെ തൊയ്ബയില്‍ ചേരുകയുമായിരുന്നു. ലഷ്‌കറെ തൊയ്ബയില്‍നിന്ന് തീവ്രവാദ പരിശീലനം ലഭിച്ചശേഷം 2024-ല്‍ കശ്മീരിലേക്ക് തന്നെ ഇയാള്‍ മടങ്ങിയെത്തി. പാക് തീവ്രവാദികള്‍ക്ക് സഹായവും പഹല്‍ഗാമിലെ ഭൂമിശീസ്ത്രപരമായ വിവരങ്ങളും നല്‍കിയത് ഇയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.