മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു: ചരിത്ര നിമിഷമെന്ന് രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് നിരോധന ബില്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത്  ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നു പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്. ഇതു ചരിത്ര ദിവസമാണെന്നും മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം.

മുത്തലാഖ് വഴി വിവാഹമോചനം നടത്തുന്നതു മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാക്കുറ്റവുമായി നിയമനിര്‍മാണം നടത്താനുള്ള കരട് ബില്ലിന് അടുത്തിടെയാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം, ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.

മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം, വിഷയത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ബിജെപി കരട് തയാറാക്കിയിരിക്കുന്നതെന്ന ആരോപണമാണ് പ്രതപക്ഷം ഉന്നയിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, എസ്.പി, ബി.എസ്.പി, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് എതിര്‍പ്പു പ്രകടിപ്പിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു കോടതിയോട് ഭാര്യക്ക് ആവശ്യപ്പെടാമെന്നും ബില്ലില്‍ വ്യസ്ഥ ചെയ്യുന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയുള്ള ഇസ്ലാമിക വിവാഹമോചന രീതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം കൊണ്ടുവരുന്നത്.