കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ സുഞ്ജ്വാന്‍ മേഖലയില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുഞ്ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്.സിആര്‍പിഎഫും കശ്മീര്‍ പൊലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന് ജമ്മു കശ്മീര്‍ എഡിജിപി മുകേഷ് സിങ് അറിയിച്ചു.

മാരകായുധങ്ങളുമായി ഭീകരര്‍ മേഖലയിലെത്തിയെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തെരച്ചില്‍ നടത്തിയത്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് ഇവരെന്നാണ് വിലയിരുത്തല്‍ എന്നും പൊലീസ് പറയുന്നു.

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താഴ് വരയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിയിരിക്കെയാണ് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 ഫെബ്രുവരിയിലും മേഖലയില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം മുതല്‍ കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ ബാരാമുല്ല ജില്ലയില്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ നാലുപേരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവിടെയും ഏറ്റുമുട്ടല്‍ തുടരുന്നു. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.