അര്‍ണാബിനെ രക്ഷിച്ചെടുത്തു; മുബൈ പൊലീസിന്റെ തീരുമാനം കോടതിയും ശരിവെച്ചു; ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് തട്ടിപ്പ് കേസ് ഏഴുതിതള്ളി

വിവാദമായ ടെലിവിഷന്‍ റേറ്റിങ് പോയന്റ് (ടി.ആര്‍.പി) തട്ടിപ്പ് കേസ് പിന്‍വലിച്ച് കോടതി. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുമടക്കം 16പേര്‍ പ്രതികളായ കേസാണ് പ്രത്യേക പിഎംഎല്‍എ കോടതി പിന്‍വലിച്ചിരിക്കുന്നത്. വിവാദ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ആരെയും ശിക്ഷിക്കാനാകില്ലെന്നുപറഞ്ഞ് മുംബൈ പൊലീസ് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.

നേരത്തെ, പൊലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന (പിഎംഎല്‍എ) നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തത്. പൊലീസ് കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കിയതോടെ, ഇ.ഡി കേസിന് പ്രസക്തിയില്ലാതായി. കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതി കേസ് പിന്‍വലിക്കലിന് അനുമതി നല്‍കിയത്. ഇതോടെ അര്‍ണബ് ഗോസ്വാമി അടക്കമുള്ളവര്‍ കേസില്‍ നിന്നും കുറ്റമുക്തരായി.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ടി.ആര്‍.പി കൃത്രിമമായി പെരുപ്പിച്ചുവെന്ന് കാട്ടിയെന്നായിരുന്നു കേസ്. 2020 ഒക്ടോബറില്‍ നടി കങ്കണ റണാവതിന്റെ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നാണ് ആരോപണം.

Read more

റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ ടി.ആര്‍.പി റേറ്റ് കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു പൊലീസിന്റെ ആരോപണം. ടിആര്‍പി നിരീക്ഷണം നടത്തുന്ന ഹന്‍സ് ഗ്രൂപ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.