അപകടം നടക്കുമ്പോഴും അതൊരു അവസരമായി കണ്ടു കൊള്ള നടത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വിരളമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കോഴിയുമായി പോയ ട്രക്ക് ഹൈവേയില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിക്കൂടിയവര്‍ അവസരം മുതലാക്കുകയായിരുന്നു. ചാക്കുമായി വരെയെത്തി ആ ട്രക്കിലെ കോഴികളെ അടിച്ചുമാറ്റി സ്ഥലംകാലിയാക്കി പലരും. കാല്‍നടക്കാരും അടുത്ത വീട്ടിലുള്ളവരും വരെ കയ്യില്‍ കിട്ടിയ കോഴികളുമായി മുങ്ങി. ബൈക്കില്‍ പോയ് ചാക്കുമായെത്തിയാണ് ചിലര്‍ ചിക്കന്‍ ട്രക്കില്‍ നിന്ന് പൊക്കിയത്.
ബ്രോയിലര്‍ ചിക്കനുമായി പോയ ലോറി ഉത്തരേന്ത്യയിലെ കനത്ത മഞ്ഞുവീഴ്ച മൂലം ആഗ്രയിലെ ദേശീയപാതയിലാണ് അപകടത്തില്‍പ്പെട്ടത്. ഒരുകൂട്ടം വണ്ടികള്‍ നിരനിരയായി റോഡില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ദേശീയ പാതയില്‍ കാറുകളടക്കം നിരവധി വാഹനങ്ങളാണ് കനത്ത മൂടല്‍മഞ്ഞില്‍ ഒന്നിന് പുറകേ ഒന്നായി ഇടിച്ചു കയറിയത്. ഇതിലൊന്ന് ബ്രോയിലര്‍ ചിക്കന്‍ കയറ്റി വന്ന ട്രക്കായിരുന്നു. എന്തായാലും അപകടം മൂലം ദേശീയ പാതയോരത്തെ പല വീടുകളിലും ഇന്ന് കോഴിക്കറിയായിരുന്നുവെന്ന് ചുരുക്കം. ഇന്ന് രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്.
ദേശീയ പാതയിലെ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. റോഡിലെ ഗതാഗതം പുനസ്ഥാപിക്കാന്‍ തകര്‍ന്ന വാഹനങ്ങള്‍ ക്രയിന്‍ ഉപയോഗിച്ചാണ് നീക്കിയത്.
ഇതിനിടയിലാണ് ഓടിക്കൂടിയ ചിലര്‍ കോഴി ലോറിയില്‍ നിന്ന് കോഴികളെ കടത്തി തുടങ്ങിയത്. സംഭവം അറിഞ്ഞതോടെ പലരും ബൈക്കിലും മറ്റ് വാഹനങ്ങളിലും സ്ഥലത്തെത്തി കോഴിക്കൊള്ള തുടര്‍ന്നു. ചിലര്‍ കയ്യില്‍ കിട്ടിയ കോഴികളേയും കൊണ്ട് സ്ഥലം വിടുകയായിരുന്നെങ്കില്‍ മറ്റു ചിലര്‍ ചാക്ക് എടുത്തുകൊണ്ടുവന്ന് പറ്റാവുന്നത്ര ചിക്കനും വീട്ടിലെത്തിക്കാന്‍ നോക്കുകയായിരുന്നു. 500 ബ്രോയിലര്‍ കോഴികളാണ് ട്രക്കിലുണ്ടായിരുന്നത്. ഒന്നര ലക്ഷം രൂപയുടെ കോഴികളാണ് വണ്ടിയിലുണ്ടായിരുന്നത്. അതാണ് അപകടം മുതലാക്കി പലരും അഞ്ചുപൈസ മുടക്കാതെ വീട്ടിലെത്തിച്ചത്.