ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ട്രൂഡോ സർക്കാരിൻ്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അന്വേഷണത്തിൻ്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പേരെടുത്ത് പറഞ്ഞാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വിമർശിച്ചത്. അതേസമയം ഇന്ത്യ കാനഡ ബന്ധം വഷളാകുന്ന തരത്തിലേക്കാണ് സാഹചര്യം പോകുന്നത്. ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വർമ്മ അന്വേഷണത്തിൻ്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തിറക്കി. ഈ വാർത്താക്കുറിപ്പിലാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പേരെടുത്ത് വിമർശിച്ചിട്ടുള്ളത്. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അജണ്ട വെച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകുല്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.