തമിഴ്നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഉണ്ടായ വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട് ചെങ്കല്‍പട്ടിലായിരുന്നു സംഭവം. ഇന്നലെ നടന്ന രണ്ട് കൊലപാതക കേസുകളില്‍ പങ്കുള്ള പ്രതികളാണ് ദിനേശും, മൊയ്തീനും. പ്രതികളെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിനിടെ പ്രതികള്‍ പൊലീസിന് നേരെ നാടന്‍ ബോംബുകള്‍ എറിയുകയും, ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് വെടിവെച്ചത്. വെടിവെയ്പ്പില്‍ രണ്ട് പ്രതികളും കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ചെങ്കല്‍പേട്ടിലെ കെകെ തെരുവില്‍ താമസിക്കുന്ന അപ്പു കാര്‍ത്തിക്ക് എന്നയാളെ ചായക്കടയ്ക്ക് സമീപം വെച്ച് മൂന്നംഗ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. നാടന്‍ബോംബ് എറിഞ്ഞ ശേഷം വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യ കൊലപാതകം നടന്ന് 10 മിനിറ്റിനകം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സംഘം മേട്ടുതെരുവ് സ്വദേശിയായ മഹേഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സംഘത്തിലെ രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മൂന്നാമത്തെ പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. സ്വയരക്ഷയ്ക്കായി വെടി വെച്ചുവെന്നാണ് പൊലീസ് പറയുന്നത്. ചെങ്കല്‍പ്പേട്ട് എസ്.പി വെള്ള ദുരൈയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തിയത്.