എക്‌സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിച്ചയിടത്ത് നിന്നും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും തമ്മില്‍തല്ല് സജീവമെന്ന് സൂചനകള്‍. ബിജെപി തുടര്‍ഭരണം നേടിയ ഹരിയാനയില്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ക്ക് കാവി പാര്‍ട്ടിയോടുള്ള ആഭിമുഖ്യം മറനീക്കി പുറത്തുവരുന്നുണ്ട്. ഒബിസി വോട്ട് ലക്ഷ്യത്തോടെ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ ഹരിയാനയിലെ ശക്തികേന്ദ്രമായിരുന്ന മനോഹര്‍ലാല്‍ ഖട്ടറിനെ നീക്കി നായബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. സെയ്‌നിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ടാണ് 2024ലെ തിരഞ്ഞെടുപ്പ് ബിജെപി കൈപ്പിടിയിലാക്കിയത്.
നായബ് സിങ് സെയ്‌നിയുടെ ഭരണത്തില്‍ ബിജെപിയിലേക്ക് ചാടാന്‍ നോക്കുന്ന ചിലര്‍ കോണ്‍ഗ്രസിലുണ്ടെന്നാണ് ഹരിയാനയിലെ രാഷ്ട്രീയ ഗോദ വ്യക്തമാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഭരണം നേടാനുള്ള സാധ്യതകള്‍ ഇല്ലാതായതോടെ ഭരണപക്ഷത്തേയ്ക്ക് കണ്ണുവെയ്ക്കുന്ന എംഎല്‍എമാര്‍ ഹരിയാന കോണ്‍ഗ്രസില്‍ ഉണ്ട്. മുഖ്യമന്ത്രി സെയ്‌നി കഠിനപ്രയത്‌നം ചെയ്യുന്ന നേതാവാണെന്നും വളരെ മികച്ച മുഖ്യമന്ത്രിയാണെന്നുമെല്ലാം പറഞ്ഞു ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുകഴ്ത്തല്‍ രാഷ്ട്രീയം തുടങ്ങിയിട്ടുണ്ട്. ഇത്രയും ശക്തനായ ഒരു നേതാവിനോട് ആരാധന തോന്നുന്നുവെന്നും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുമെല്ലാം ഹരിയാനയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു കഴിഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തിരിച്ചെത്തി മൂന്ന് മാസത്തിനുള്ളിലാണ് സെയ്‌നിയ്ക്കുള്ള പ്രശംസ കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാലി ചൗധരിയും ഗോകുല്‍ സെതിയയും അറിയിച്ചത്. നരൈന്‍ഗഡിലെ എംഎല്‍എയാണ് ഷാലി ചൗധരി ഗോകുല്‍ സെതിയയാവട്ടെ സിര്‍സയിലെ എംഎല്‍എയും. 90 അംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 48ഉം കോണ്‍ഗ്രസിന് 37 മാണ് അംഗങ്ങളുള്ളത്. കേവല ഭൂരിപക്ഷത്തിന് മുകളില്‍ ഒറ്റയ്ക്കുള്ള ബിജെപിയ്ക്ക് നിലവില്‍ പ്രതിസന്ധികളൊന്നും മുന്നിലില്ലെന്നിരിക്കെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചാടി സ്ഥാനമാനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നുവെന്ന ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ സംഭവം കൂടുതല്‍ ചര്‍ച്ചയിലേക്ക് കടന്നതോടെ നിയമസഭാംഗങ്ങളും ബിജെപി നേതാക്കളും ഇത്തരം നീക്കങ്ങളൊന്നും ഇല്ലെന്നാണ് പ്രതികരിച്ചത്.
Read more
കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ നന്ദിപ്രകടന യാത്രയുമായി എത്തിയ മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി മണ്ഡലങ്ങള്‍ക്ക് ധനസഹായവും പദ്ധതിയുമെല്ലാം പ്രഖ്യാപിച്ചതോടെയാണ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുകയും പ്രശംസ ചൊരിയുകയും ചെയ്തു. വികസന കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന മുഖ്യമന്ത്രി എന്നടക്കം പ്രശംസ മറ്റ് ബിജെപി നേതാക്കളെ വേദിയിലിരുത്തിയാണ് കോണ്‍ഗ്രസ് എംഎല്‍മാര്‍ നടത്തിയത്. ഇതാണ് ഹരിയാനയില്‍ ഒരു ഓപ്പറേഷന്‍ താമര സാധ്യതയുണ്ടോ എന്ന ചോദ്യം ഉയരാന്‍ ഇടയാക്കിയത്. മാത്രമല്ല കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ഹരിയാനയില്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് കരുത്താകുന്നുണ്ട്. ഭൂപീന്ദര്‍ സിങ് ഹൂഡ ക്യാമ്പും എതിരാളികളും പരസ്പരം പോരാടുമ്പോള്‍ ഹരിയാനയിലെ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിരുന്നും കോണ്‍ഗ്രസ് പതറുകയാണ്.