മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ 250 ഓളം നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ രണ്ട് കുരങ്ങന്മാരെ പിടികൂടി. പ്രദേശത്ത് ഒരു കുട്ടിക്കുരങ്ങിനെ നായ്ക്കൾ കൊന്നതിന് പ്രതികാരമായാണ് കൊലപാതകങ്ങൾ നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
നിരവധി നായ്ക്കുട്ടികളെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങുകളെ നാഗ്പൂർ വനംവകുപ്പ് സംഘം മഹാരാഷ്ട്രയിലെ ബീഡിൽ നിന്ന് പിടികൂടിയതായി ബീഡ് ഫോറസ്റ്റ് ഓഫീസർ സച്ചിൻ കാൻഡ് പറഞ്ഞുതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കുരങ്ങുകളെ നാഗ്പൂരിലേക്ക് മാറ്റുകയും അടുത്തുള്ള വനത്തിലേക്ക് വിടുകയും ചെയ്യും. ലവൂൽ ഗ്രാമത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി കുരങ്ങുകൾ നായ്ക്കുട്ടികളെ കൊല്ലുന്നതായി നാട്ടുകാർ പറഞ്ഞു. നായ്ക്കുട്ടിയെ കണ്ടാലുടൻ അവർ അതിനെ പിടിച്ച് ഉയരത്തിൽ കൊണ്ടുപോകും. പിന്നീട് നായയെ അവിടെ നിന്ന് എറിഞ്ഞുകളയും.
സ്‌കൂളിൽ പോകുന്ന ചില കുട്ടികളെയും കുരങ്ങുകൾ ആക്രമിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ ധരൂരിലെ വനംവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. വിചിത്രമായ സംഭവം ഗ്രാമവാസികൾക്കും അധികാരികൾക്കും ഇടയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു.