ഉദയ്പുര്‍ കൊലപാതക കേസില്‍ അഞ്ച് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിൽ. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദാവത്-ഇ-ഇസ്ലാം എന്ന സംഘടനയുമായാണ് ഇയാള്‍ക്ക് ബന്ധമെന്നും 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നെന്നും രാജസ്ഥാന്‍ പൊലീസ് മേധാവി വ്യക്തമാക്കി.
പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് നമ്പറുകള്‍ പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കേസ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. അതേസമയം പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിട്ടുണ്ട്.
സംഭവത്തിന് ഏതെങ്കിലും സംഘടനകളുമായോ രാജ്യാന്തര തലത്തിലോ ബന്ധങ്ങള്‍ ഉണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും. റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവരാണ് തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.
പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. ഇതില്‍ ഗൗസ് മുഹമ്മദിനാണ് പാകിസ്ഥാന്‍ സംഘടനയുമായി ബന്ധമുള്ളതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി.