തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കെന്ന് ഉദ്ദവ്, കോണ്‍ഗ്രസിനെ തഴഞ്ഞ് സഖ്യകക്ഷികള്‍; താക്കറെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്ര തോല്‍വിയില്‍ ഉലഞ്ഞ് മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ മഹാവികാസ് അഘാഡിയിലെ അസ്വസ്ഥത സഖ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇന്ത്യ മുന്നണിയില്‍ ഒന്നടങ്കം കോണ്‍ഗ്രസ് തഴയപ്പെടുന്ന അവസ്ഥയ്ക്ക് മഹാരാഷ്ട്രയിലും മാറ്റമില്ല. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ശിവസേന യുബിടി- എന്‍സിപി ശരദ് പവാര്‍ വിഭാഗം സഖ്യം ഉണ്ടാവില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. ഒറ്റയ്ക്കാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുംബൈ- നാഗ്പൂര്‍ മുനിസിപ്പല്‍ പോളില്‍ മല്‍സരിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി കഴിഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത്, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ശിവസേനാ ഒറ്റയ്ക്ക് മത്സരിക്കുകയും കോണ്‍ഗ്രസും എന്‍സിപിയും ഒറ്റയ്ക്ക് മല്‍സരിക്കുകയും ചെയ്യുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയ്ക്കും മഹായുതിയ്ക്കും പ്രതീക്ഷകള്‍ വാനോളമായി.

ഇതിനിടയില്‍ പഴയ സഖ്യം ഊട്ടി ഉറപ്പിക്കാനുള്ള മൃദുസമീപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപിയുടെ മഹാരാഷ്ട്രയിലെ അവസാനവാക്കുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇറങ്ങിയത് ബിജെപി- ശിവസേന ബന്ധം മറ്റൊരു തലത്തിലെത്തിക്കുമോയെന്ന സംശയത്തിനും ഇടനല്‍കുന്നുണ്ട്. ശിവസേനാ ഉദ്ധവ് വിഭാഗം അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളിയാഴ്ച പറഞ്ഞത്. പഞ്ചായത്ത്, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ദവ് വിഭാഗത്തോട് അടുക്കുന്നത് പഴയ സഖ്യത്തിന്റെ സാധ്യതകള്‍ കൂടി തുറന്നുകൊണ്ടാണ്. നിര്‍ണായകമായ മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മൃദുസമീപനം ഭാവിയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയേക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും ശിവസേന യുബിടി തലവനുമായ ഉദ്ധവ് താക്കറെ ഒരു ശത്രുവല്ലെന്ന് പറയുന്നത് തന്നെ ഇത് ബിജെപിയും ശിവസേനയും തമ്മിലുള്ള ഇഴഅടുപ്പത്തിന്റെ സൂചനയാണ് ഇരുസഖ്യങ്ങളും കാണുന്നത്.

‘മാറ്റാന്‍ പറ്റാത്തതായി രാഷ്ട്രീയത്തില്‍ ഒന്നുമില്ല. ഉദ്ധവ് താക്കറെ നേരത്തേ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിന്നീട് രാജ് താക്കറെ സുഹൃത്തായി. രാജ് സുഹൃത്തായി എന്നതുകൊണ്ട് ഉദ്ധവ് ശത്രുവാണ് എന്ന് അര്‍ഥമില്ല’

ബിജെപിയുടെ മഹാരാഷ്ട്രയിലെ മുഖവും പാര്‍ട്ടിയെ ഒറ്റയ്ക്ക് വലിയ ഒറ്റകക്ഷിയാക്കി മാറ്റുകയും ചെയ്ത ഫഡ്‌നാവിസിനെ നാഗ്പൂരില്‍ നടന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യയും ഫഡ്നാവിസിനെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു സംസാരിച്ചതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതിന് പിന്നാലെ ആദിത്യ താക്കറെ നിരന്തരം പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഫഡ്നാവിസിനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന ഉദ്ധവ് വിഭാഗത്തില്‍ നിന്ന് ബിജെപിയിലേക്കും ഷിന്‍ഡെ വിഭാഗത്തിലേക്കും തദ്ദേശ നേതാക്കളുടെ ചേക്കേറല്‍ കൂടിയതോടെ ഉദ്ദവ് വിഭാഗം സമ്മര്‍ദ്ദത്തിലാണ്.

താക്കറെമാര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടര്‍ന്നുണ്ടാക്കിയ ശിവസേനയ്ക്ക് ബിജെപിയുമായി ദീര്‍ഘകാലമായി തന്നെ ഒരു സ്വാഭാവിക സഖ്യം ഉണ്ടായിരുന്നു. എന്നാല്‍ ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വല്യേട്ടന്‍ മനോഭാവവുമാണ് 2019 ല്‍ ഇരു ഹിന്ദുത്വ പ്രത്യയശാസ്ത്ര പാര്‍ട്ടികളുടേയും വേര്‍പിരിയലിലേക്ക് നയിച്ചത്. അതോടെ ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയും ശിവസേന ഉള്‍പ്പെടുന്ന പുതിയ സഖ്യം മഹാവികാസ് അഘാഡി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടാവുകയും ചെയ്തു. കോണ്‍ഗ്രസും എന്‍സിപിയുമായി ശിവസേന ചേര്‍ന്നപ്പോള്‍ ഉദ്ധവ് താക്കറെയുടെ ബന്ധുവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവനുമായ രാജ് താക്കറെയുമായി ബിജെപി അടുത്തു.

ശിവസേനയെ പിളര്‍ത്തി ശക്തി ക്ഷയിപ്പിച്ച ബിജെപി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്കൊരു പാര്‍ട്ടി എന്ന നിലയില്‍ കരുത്തരായി കഴിഞ്ഞു. ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന ബിജെപിയ്‌ക്കൊപ്പം ഉണ്ടെന്നിരിക്കെ ഉദ്ദവിനെ കൂടി തിരിച്ചു കൊണ്ടുവന്നാല്‍ സഖ്യമെന്ന നിലയില്‍ മഹായുതി കരുത്താര്‍ജ്ജിക്കും. ഈ സാധ്യതയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം മഹാവികാസ് അഘാഡി ഇല്ലാതാകുന്നതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പരുങ്ങലിലാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇന്ത്യ സഖ്യം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്നെ പാതി അവശനിലയില്‍ കോണ്‍ഗ്രസിനെയാക്കിയതും ബിജെപി രാഷ്ട്രീയ നേട്ടമായി കരുതുന്നു.