മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഷിന്‍ഡെയെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ശിവസേന വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
വിമത നീക്കം ആരംഭിച്ചതിന് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഏക്‌നാഥ് ഷിന്‍ഡെയില്‍ നിന്നെടുത്ത് മാറ്റിയിരുന്നു. രണ്ടാഴ്ചയോളം നീണ്ടു നിന്ന് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അന്ന് രാത്രി തന്നെ ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുകയും ചെയ്തു.
ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു പ്രഖ്യാപനം. മന്ത്രിസഭയുടെ ഭാഗമായും താനുണ്ടാകില്ലെന്ന് വ്യാഴാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
നാളെ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. സ്പീക്കര്‍ സ്ഥാനം സഖ്യത്തില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം പറയുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കുന്നതിനെതിരെ അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്.